Published on April 27, 2015
Joby
Blog

ടെലിവിഷൻ ഇല്ലാതിരുന്ന കാലം. സിനിമകൾ കാണുന്നതും അപൂർവം. വീട്ടിൽ ആകെയുള്ളത് ഒരു ടേപ്പ് റിക്കോർഡർ. അക്കാലത്തെ ജനപ്രിയമായ ഒരു കലാരൂപമായിരുന്നു കഥാപ്രസംഗം. പ്രശസ്തനായ സാംബശിവൻറെ കഥാപ്രസംഗങ്ങൾ കാസറ്റുകളിട്ട് കേൾക്കാറുണ്ടായിരുന്നു. കഥകൾക്കിടയിൽ അദ്ദേഹം ഒരുപാട് നല്ല തമാശകൾ പറഞ്ഞിരുന്നു. ജീവിതത്തിൽ പല കാര്യങ്ങളെയും യുക്തിയോടെ സമീപിക്കാൻ ചെറുപ്പത്തിൽ കേട്ട ആ തമാശകളും സഹായിച്ചു.

ഒരു ഉദാഹരണം. വെറുതെ നിന്ന കുട്ടപ്പൻ പെട്ടെന്ന് തുള്ളാൻ തുടങ്ങി. അനുഗ്രഹം വന്നതാണത്രേ. പണിയില്ലാതെ നിന്ന ഭക്തജനങ്ങളെല്ലാം ചുറ്റിനും കൂടി. സമീപത്തുള്ള സ്ത്രീകളെല്ലാം കുളിച്ച് (സ്ത്രീകൾക്ക് മാത്രമാണല്ലോ അശുദ്ധിയുള്ളത്) ഈറനുടുത്ത് തൊഴുകയ്യോടെ നിന്നു. കുളിക്കാത്ത പുരുഷന്മാരും ഭക്തപരവശരായി.

“ഉണ്ണികളേ… ഉണ്ണികളേ … ” കുട്ടപ്പൻ ഭക്തരെ നോക്കി വിളിച്ചു. അവന് (കുട്ടപ്പൻ സ്വാമിക്ക്) ഈ യതക്കേട്‌ (അസുഖം) വന്നാൽ പിന്നെ എല്ലാവരേം ഉണ്ണികളെന്നേ വിളിക്കൂവെന്ന് സാംബശിവൻറെ കമന്റ്റ്.

“ഉണ്ണികളേ…..എന്ത് സംശയവും ചോദിക്കാം”. ബാധ കൂടിയാൽ കുട്ടപ്പൻ പെട്ടെന്ന് ജ്ഞാനിയാവും. കമ്മൽ കളഞ്ഞ സ്തീകളുടെയും പശു മോഷണം പോയ കർഷകരുടെയും ഒക്കെ ആവലാതികൾ ധാരാളമാണ്. ഇതൊക്കെ എവിടെപ്പോയി, തിരിച്ചുകിട്ടുമോ എന്നൊക്കെയുള്ള സംശയങ്ങൾക്ക് നിവൃത്തി വരുത്തുകയാണ് തുള്ളിനില്ക്കുന്ന കുട്ടപ്പൻറെ പ്രധാന ഉത്തരവാദിത്തം.

“ഒരു സംശയത്തിന് അഞ്ചു രൂപാ”. കുട്ടപ്പൻ റേറ്റ് പറഞ്ഞ് തുള്ളുകയാണ്.

പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് പുരോഗമനവാദിയായ ഒരു ചെറുപ്പക്കാരൻ മുന്നോട്ടു വന്നു. “സ്വാമീ, എന്ത് സംശയവും ചോദിക്കാമോ?”

“എന്ത് സംശയവും ചോദിക്കാം”

“മാർട്ടിൻ ലൂഥർ കിങ്ങിനെ കൊന്നത് ആരാണെന്നറിയാമോ സ്വാമീ ?” ചെറുപ്പക്കാരൻ ശാന്തനായി ചോദിച്ചു.

സ്വാമി കുട്ടപ്പൻറെ അവസ്ഥ പറയേണ്ടതില്ലല്ലോ?

ഒടുവിൽ സാംബശിവൻറെ കമന്റ്. “ദൈവത്തിൻറെ പ്രതിപുരുഷന്മാരായി ഇറങ്ങുന്നവർ കുറഞ്ഞപക്ഷം എസ്.എസ്.എൽ സി. എങ്കിലും പാസായിരിക്കണം. പത്രവും വായിക്കണം”

ഈ കളിയാക്കൽ പ്രധാനമായും കുട്ടപ്പനെപ്പോലെ വിദ്യാഭ്യാസമില്ലാത്ത നിർഭാഗ്യവന്മാരുടെ നേർക്കായിരുന്നില്ല എന്നെനിക്കു തോന്നി. വയറ്റിപ്പിഴപ്പിന് ദൈവ വേഷം കെട്ടുന്ന കൊച്ചു തട്ടിപ്പുകാർക്കെതിരെ മാത്രവുമായിരുന്നില്ല അത്. കമ്മലും പശുവുമൊക്കെ നഷ്ടമായ പാവപ്പെട്ട ഗ്രാമീണരോടുമായിരുന്നില്ല. മറിച്ച്, സയൻസും പഠിച്ച് സകല ഡിഗ്രികളും ഡോക്ടറേറ്റുമെടുത്ത ശേഷം ദൈവത്തെക്കാണാൻ മണ്ടൻകുട്ടപ്പന്മാരുടെ മുന്നിൽ തൊഴുകയ്യോടെ നില്ക്കുന്ന ‘ശാസ്ത്രജ്ഞരുടെ’യൊക്കെ നേർക്കായിരുന്നു തമാശയുടെ ആ അസ്ത്രം എന്നെനിക്കു തോന്നി.

മറ്റൊരു കഥ. ആത്മീയ സമ്മേളനമാണ്‌ വേദി. എല്ലാവരോടും കണ്ണടച്ച് ധ്യാനിക്കാൻ ഗുരു ആവശ്യപ്പെട്ടു.

“ഞാനും ധ്യാനിക്കണോ?” പിന്നിൽ നിന്ന് ഒരാൾ വിളിച്ചു ചോദിച്ചു.
“നീയും ധ്യാനിക്കണം.” ഗുരു കല്പ്പിച്ചു.
“സ്വാമീ, ഞാൻ ഇവിടത്തെ അരിവെപ്പുകാരനാണ്. ഞാനിരുന്നു ധ്യാനിച്ചാൽ ഉച്ചയ്ക്ക് ‘ഞം ഞം’ … അത് ആരുണ്ടാക്കും?
“ഓ വേണ്ട വേണ്ട, നീ ധ്യാനിക്കണ്ട. വേഗം അടുക്കളയിലേയ്ക്ക് പൊയ്ക്കോ. ഇപ്പഴേ വിശപ്പായി”. ഗുരു അയാളെ ഉടനടി പറഞ്ഞുവിട്ടു.
ഗുണപാഠം: വിതയ്ക്കാനും കൊയ്യാനും അരിവെയ്ക്കാനും വേറെ ആളുള്ളതുകൊണ്ടാണ് പലർക്കും സമാധാനമായി ധ്യാനിക്കാൻ കഴിയുന്നത്. പല സ്വാമിമാരുടെയും കച്ചവടം പൊടിപൊടിക്കുന്നത്.

More Details:http://drsslal.blogspot.com/

1 Comment

Joby

February 5, 2016 at 6:26 pm

കലക്കി …

 Reply

Leave a Reply

No items found

Connect with us